ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രക്ഷോഭം കൂടുതൽ ജനകീയമാക്കാനും നഗരത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാനും പുതിയൊരു തന്ത്രവുമായി ഇന്ത്യ മുന്നണി. ഉന്നത നേതാക്കളുടെ അടച്ചിട്ട മുറിയിലെ യോഗങ്ങൾക്ക് പകരം ഡൽഹിയിലെ സാധാരണക്കാർ നിരന്തരം സന്ദർശിക്കുന്ന പ്രശസ്തമായ റെസ്റ്റോറന്റുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ മുന്നണിയുടെ പ്രതിരോധ നീക്കങ്ങൾ.
സമരത്തിന്റെ ഗതിയും അടുത്ത ഘട്ട പ്രവർത്തനങ്ങളും ചർച്ച ചെയ്യാൻ ഇന്ത്യ സഖ്യത്തിലെ പ്രധാന നേതാക്കളും എംപിമാരും തെരഞ്ഞെടുക്കുന്നത് നഗരത്തിലെ ജനസാന്ദ്രതയേറിയ ഹോട്ടലുകളാണ്. ഇന്നലെ പ്രശസ്തമായ 'സാഗർരത്ന' ഹോട്ടലിലായിരുന്നു നേതാക്കളുടെ ഒത്തുകൂടലെങ്കിൽ, ഇന്ന് അത് 'മോയ്റ്റസ്' ഹോട്ടലിലേക്കാണ് മാറിയത്. സാധാരണക്കാരുടെ ഇടയിലേക്ക് സമരത്തെയും അതിന്റെ ചർച്ചകളെയും നേരിട്ട് ഇറക്കിക്കൊണ്ടുള്ള ഈ പുതിയ 'റെസ്റ്റോറന്റ് നയതന്ത്രം' ഡൽഹി രാഷ്ട്രീയത്തിൽ വലിയ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.